ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

നമസ്കാരം


  1. അനസ്‌(റ) നിവേദനം: മഗ്‌രിബ്‌ നമസ്കാരത്തിനു മുമ്പ്‌ സുന്നത്ത്‌ നമസ്കരിക്കുവാന്‍ വേണ്ടി സഹാബിവര്യന്‍മാരില്‍ പ്രഗല്‍ഭന്‍മാര്‍ തൂണുകള്‍ക്ക്‌ നേരെ ധ്റ്‍തിപ്പെടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. മറ്റൊരു നിവേദനത്തില്‍ നബി(സ) വരുന്നത്‌ വരെ എന്നു ഉദ്ധരിക്കുന്നു. (ബുഖാരി. 1. 8. 482)
  2. ഇബ്നു ഉമര്‍ (റ) നിവേദനം: തിരുമേനി(സ), ഉസാമബിലാല്‍, ഉസ്മാന്‍ (റ) മുതലായവര്‍ കഅ്ബയില്‍ പ്രവേശിച്ചു. എന്നിട്ട്‌ അതിന്‍റെ വാതിലടച്ചു. അതില്‍ കുറച്ചു സമയം കഴിച്ചുകൂട്ടി. ബിലാല്‍ പുറത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്താണ്‌ നബി(സ) അവിടെ ചെയ്തത്‌? അദ്ദേഹം പറഞ്ഞു: ചില തൂണുകളെ വലതുഭാഗത്തും ചില തൂണുകളെ ഇടതു ഭാഗത്തും ചില തൂണുകളെ പിന്‍ഭാഗത്തും ആക്കികൊണ്ട്‌ തിരുമേനി നമസ്കരിച്ചു. അന്ന്‌ കഅ്ബ:ക്ക്‌ ആറു തൂണുകളാണുണ്ടായിരുന്നത്‌. ഒരു റിവായത്തില്‍ രണ്ടു തൂണുകളെ വലതുഭാഗത്താക്കിക്കൊണ്ട്‌ നമസ്കരിച്ചുവെന്നും പറയുന്നു. (ബുഖാരി. 504)
  3. ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം കഅ്ബ:യില്‍ പ്രവേശിച്ചാല്‍ തന്‍റെ മുന്നിലേക്ക്‌ നടന്ന്‌ വാതിലിനെ തന്‍റെ പിന്നിലേക്കാക്കും. ചുമരിന്‍റെയും അദ്ദേഹത്തിന്‍റെയും ഇടയില്‍ മൂന്നു മുഴം അകലം ഉണ്ടാവും. നബി(സ) നമസ്കരിച്ചുവെന്ന്‌ ബിലാല്‍ പ്രസ്താവിച്ച സ്ഥലത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അദ്ദേഹം പറയും. കഅ്ബയുടെ ഏതു ഭാഗത്തേക്ക്‌ തിരിഞ്ഞു നമസ്കരിക്കുന്നതിനും വിരോധമില്ല. (ബുഖാരി. 1. 8. 483)
  4. ഇബ്നുഉമര്‍ (റ) നിവേദനം: തിരുമേനി(സ) തന്‍റെ വാഹനത്തെ വിലങ്ങില്‍ കിടത്തിയിട്ട്‌ അതിന്‍റെ നേരെ തിരിഞ്ഞുകൊണ്ട്‌ നമസ്കരിക്കാറുണ്ട്‌. അന്നേരം ആ വാഹനം എഴുന്നേറ്റുകളഞ്ഞെങ്കിലോ എന്ന്‌ ഞാന്‍ (നിവേദകന്‍ ) ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) ഒട്ടകകട്ടില്‍ പിടിച്ച്‌ തിരിക്കും. എന്നിട്ട്‌ അതിന്‍റെ പിന്‍ഭാഗത്തേക്ക്‌ തിരിഞ്ഞു നിന്നു നമസ്കരിക്കും. ഇബ്നു ഉമര്‍ (റ) അങ്ങനെ തന്നെയാണ്‌ ചെയ്യാറുണ്ടായിരുന്നത്‌. (ബുഖാരി. 1. 8. 485)
  5. ആയിശ(റ) നിവേദനം: അവര്‍ ഒരിക്കല്‍ ചോദിച്ചു. എന്ത്‌? നിങ്ങള്‍ ഞങ്ങളെ നായ്ക്കളോടും കഴുതകളോടും തുല്യപ്പെടുത്തുകയോ? ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നുണ്ട്‌. ഞാന്‍ കട്ടിലില്‍ കിടക്കുന്നുണ്ടായിരിക്കും. അന്നേരം തിരുമേനി(സ) വന്നിട്ട്‌ കട്ടിലിന്‍റെ നടുവിലേക്ക്‌ തിരിഞ്ഞുനിന്നു കൊണ്ട്‌ നമസ്കരിക്കും. അന്നേരം തിരുമേനി(സ)യുടെ മുമ്പില്‍ കിടക്കാന്‍ ഞാന്‍ മടിക്കും. ഉടനെ കട്ടിലിന്‍റെ രണ്ടു കാലുകളുടെ ഭാഗത്തേക്ക്‌ ഞാന്‍ മെല്ലെ നീങ്ങും. ഒടുവില്‍ എന്‍റെ പുതപ്പില്‍ നിന്ന്‌ പൂര്‍ണ്ണമായും ഞാന്‍ പുറത്തുവന്നിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 8. 486)
  6. അബൂസഈദ്‌(റ) നിവേദനം: വെള്ളിയാഴ്ച ദിവസം മനുഷ്യരില്‍ നിന്ന്‌ തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട്‌ അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂമുഐത്ത്‌ കുടുംബത്തിലെ ഒരു യുവാവ്‌ തന്‍റെ മുമ്പിലൂടെ കടന്നുപോകാനുദ്ദേശിച്ചു. അബൂസഈദ്‌ ഉടനെ ആ യുവാവിന്‍റെ നെഞ്ചില്‍ കൈ വെച്ച്‌ കൊണ്ട്‌ യുവാവിനെ തട്ടിനീക്കി. അവസാനം യുവാവ്‌ നോക്കുമ്പോള്‍ അബൂസഈദുല്‍ ഖുദ്‌രിയുടെ മുമ്പിലൂടെയല്ലാതെ കടന്നുപോകാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല. ആ യുവാവ്‌ അതേ വഴിക്ക്‌ തന്നെ കടന്നുപോകാനുദ്ദേശിച്ചുകൊണ്ട്‌ തിരിച്ചു വന്നു. അബൂസഈദ്‌ ആദ്യത്തെക്കാള്‍ കൂടുതല്‍ ഊക്കോടെ യുവാവിനെ തള്ളി നീക്കി. അന്നേരം യുവാവ്‌ അബൂസഈദിനെ ശകാരിച്ചു. അനന്തരം മര്‍വാന്‍റെ അടുക്കല്‍ ചെന്നിട്ട്‌ അബൂസഈദില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച്‌ ആവലാതിപ്പെട്ടു. പിന്നാലെ അബൂസഈദും ചെന്ന്‌ മര്‍വാന്‍റെ അടുത്ത്‌ പ്രവേശിച്ചു. മര്‍വാന്‍ ചോദിച്ചു: അബൂസഈദ്‌! നിങ്ങള്‍ക്കും നിങ്ങളുടെ സഹോദരപുത്രനും തമ്മിലെന്താണ്‌ വഴക്ക്‌? അബൂസഈദ്‌(റ) പറഞ്ഞു തിരുമേനി(സ) ഇങ്ങനെ അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നിങ്ങളിലാരെങ്കിലും മനുഷ്യരില്‍ നിന്ന്‌ തന്നെ മറക്കുന്ന ഒരു മറയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട്‌ നമസ്കരിച്ചിട്ടും അന്നേരം അവന്‍റെ മുമ്പിലൂടെ കടന്നുപോകാന്‍ ഒരാള്‍ ഉദ്ദേശിച്ചു. എന്നാല്‍ അവനെ നമസ്കരി ക്കുന്നവന്‍ തടയട്ടെ. അവന്‍ തിരസ്കരിക്കുകയാണെങ്കിലോ അവനുമായി പൊരുതട്ടെ. നിശ്ചയം അവന്‍ ശൈത്താനാണ്‌. (ബുഖാരി. 1. 8. 488)
  7. അബൂജഹ്മ്‌(റ) നിവേദനം: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച്‌ തിരുമേനി(സ) പ്രസ്താവിച്ചത്‌ എന്താണെന്ന്‌ അന്വേഷിച്ചു കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നവന്‍റെ പേരിലുള്ള കുറ്റമെന്തെന്ന്‌ അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത്‌ നില്‍ക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂല്‍നള്‌റ്‌ പറയുന്നു. നാല്‍പത്‌ ദിവസമാണോ അതല്ല നാല്‍പത്‌ മാസമാണോ അതല്ല നാല്‍പത്‌ കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല. (ബുഖാരി. 1. 8. 489)
  8. ആയിശ(റ) നിവേദനം: നായ, കഴുത, സ്ത്രീകള്‍ എന്നിവ നമസ്കാരത്തെ മുറിക്കുമെന്ന്‌ ആയിശ(റ)യുടെ അടുത്തുവെച്ച്‌ ചിലര്‍ പറഞ്ഞു. അപ്പോള്‍ ആയിശ(റ) അരുളി: നിശ്ചയം ഈ അഭിപ്രായം പ്രകടിപ്പിച്ച്‌ നിങ്ങള്‍ ഞങ്ങളെ പട്ടികളാക്കിയിരിക്കുന്നു. നിശ്ചയം നബി(സ) നമസ്കരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ഞാന്‍ അദ്ദേഹത്തിനും ഖിബ് ലക്കും മധ്യത്തിലായി തന്നെ കട്ടിലില്‍ കിടക്കാറുണ്ട്‌. എനിക്ക്‌ പുറത്തുപോവേണ്ട ആവശ്യം നേരിടും. അപ്പോള്‍ അവിടുത്തെ മുമ്പിലൂടെ അഭിമുഖീകരിക്കുന്നതിനെ ഞാന്‍ വെറുക്കും. അതിനാല്‍ ഞാന്‍ മെല്ലെ നീങ്ങും. (ബുഖാരി. 1. 8. 490)
  9. ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വിരിപ്പില്‍ ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിന്‍റെ നടുവിലേക്ക്‌ തിരിഞ്ഞു നിന്നുകൊണ്ട്‌ തിരുമേനി(സ) നമസ്കരിക്കാറുണ്ടായിരുന്നു. അവസാനം തിരുമേനി(സ) വിത്ര്‍ നമസ്ക്കരിക്കാനൊരുങ്ങിയാല്‍ എന്നെ ഉണര്‍ത്തും എന്നിട്ട്‌ ഞാന്‍ തിരുമേനി(സ) യോടൊപ്പം വിത്ര്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 8. 491)
  10. ആയിശ(റ) നിവേദനം: ഖിബ് ല:യുടെ നേരെ എന്‍റെ രണ്ടു കാലുകളും നീട്ടിക്കൊണ്ടു നബി(സ) നമസ്കരിക്കുമ്പോള്‍ ഞാന്‍ കിടക്കാറുണ്ട്‌. അവിടുന്നു സുജൂദ്‌ ചെയ്യുമ്പോള്‍ എന്നെ പിച്ചും. അപ്പോള്‍ ഞാന്‍ കാല്‍ ചുരുട്ടും. അവിടുന്ന്‌ എഴുന്നേറ്റാല്‍ വീണ്ടും ഞാന്‍ കാല്‌ നീട്ടിവെക്കും. അന്നു വീടുകളില്‍ വിളക്ക്‌ കത്തിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 1. 8. 492)
  11. അബൂഖത്താദ(റ) നിവേദനം: നിശ്ചയം തിരുമേനി(സ) തന്‍റെ പുത്രി സൈനബ:യുടെ മകള്‍ ഉമാമത്തിനെ ചുമന്നുകൊണ്ട്‌ നമസ്കരിക്കാറുണ്ടായിരുന്നു. അബുല്‍ആസ്വിക്ക്‌ സൈനബ:യില്‍ ജനിച്ച കുട്ടിയായിരുന്നു അത്‌. എന്നിട്ടു തിരുമേനി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കുട്ടിയെ താഴെ വെക്കും. എഴുന്നേറ്റ്‌ നിന്നാല്‍ കുട്ടിയെ വഹിക്കുകയും ചെയ്യും. (ബുഖാരി. 515)
  12. മൈമൂന(റ) നിവേദനം: എന്‍റെ വിരിപ്പ്‌ ചിലപ്പോള്‍ നബി(സ)യുടെ നമസ്കര സ്ഥലത്തിന്‍റെ പാര്‍ശ്വഭാഗത്ായിരിക്കും. അവിടുത്െ വസ്ത്രം ചില സന്ദര്‍ഭത്തില്‍ എന്‍റെ ശരീരത്തില്‍ വീഴാറുണ്ട്‌. ഞാന്‍ എന്‍റെ വിരിപ്പില്‍ കിടക്കുകയായിരിക്കും. (ബുഖാരി. 516)
  13. മൈമൂന(റ) നിവേദനം: നബി(സ) നമസ്കരിക്കുമ്പോള്‍ അശുദ്ധിയുള്ളവളായി ഞാന്‍ അവിടുത്തെ അടുത്തുതന്നെ കിടന്നുറങ്ങാറുണ്ട്‌. സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ട്‌. (ബുഖാരി. 517)
  14. ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: പട്ടിയുടെയും കഴുതയുടെയും വിഭാഗത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി എത്ര ചീത്ത തുലനപ്പെടുത്തലാണ്‌ സ്ത്രീകള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്നത്‌? നബി(സ) നമസ്ക്കരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെയും ഖിബ് ലയുടെയും മധ്യത്തില്‍ കിടക്കുകയും സുജൂദ്‌ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ എന്നെ പിച്ചുകയും ചെയ്യാറുണ്ട്‌ അപ്പോള്‍ ഞാന്‍ എന്‍റെ ഇരുകാലുകളും വലിക്കും. (ബുഖാരി. 518)
  15. അബീദര്‍ദാഅ്‌(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: പട്ടണത്തിലോ മരുഭൂമിയിലോ കൂട്ടമായി പ്രാര്‍ത്ഥന നടത്താത്ത മൂന്നുപേരുണ്ടെങ്കില്‍ പിശാച്‌ അവരെ ജയിച്ചടക്കാതിരിക്കയില്ല. അതുകൊണ്ട്‌ ജമാഅത്തിനെ മുറുകെപ്പിടിക്കുക: പറ്റത്തില്‍നിന്നും വേര്‍തിരിഞ്ഞതിനെയാണ്‌ ചെന്നായ ഭക്ഷിക്കുന്നത്‌. (അബൂദാവൂദ്‌)
  16. അനസ്‌(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ഒന്നാമത്തെ നിര (സഫഫ്‌) പൂര്‍ത്തിയാക്കുക: പിന്നീട്‌, അതിനടുത്ത നിര; തികയാതെവരുന്നതേതോ, അത്‌ അവസാനത്തെ നിരയില്‍ ആയിക്കൊള്ളട്ടെ. (അബൂദാവൂദ്‌)
  17. ഫസാല(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) എന്നെ പഠിപ്പിച്ചു. അവിടുന്നു പഠിപ്പിച്ചതില്‍ (ഈ കല്‍പന) ഉണ്ടായിരുന്നു. അഞ്ചു നമസ്കാരത്തെക്കുറിച്ചു ജാഗ്രതയുണ്ടായിരിക്കുക. ഞാന്‍ പറഞ്ഞു (മറ്റു) ജോലികളില്‍ ശ്രദ്ധിക്കുവാനുള്ള സമയങ്ങളാണല്ലോ ഇവ. അതിനാല്‍, ഞാനതു ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ടു മതിയാവുന്ന വിധത്തില്‍ വ്യാപകമായ ഏതെങ്കിലും എന്നോടാജ്ഞാപിച്ചാലും അവിടുന്നു പറഞ്ഞു. രണ്ടു അസര്‍ നമസ്കാരങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കുക. ഇതു ഞങ്ങളുടെ ഭാഷാ ശൈലിയില്‍ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടു ഞാന്‍ പറഞ്ഞു രണ്ടു അസര്‍ നമസ്കാരങ്ങള്‍ ഏതാണ്‌? അവിടുന്നു പറഞ്ഞു: സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുള്ള ഒരു നമസ്കാരവും, അസ്തമിക്കുന്നതിന്‌ മുമ്പുള്ള ഒരു നമസ്കാരവും (അബൂദാവൂദ്‌)
  18. ഇബ്നു ഉമര്‍ (റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂത(സ) നൊന്നിച്ചു വീട്ടില്‍ താമസിക്കുമ്പോഴും യാത്രയിലും നമസ്കരിച്ചു. വീട്ടില്‍ താമസിക്കുമ്പോള്‍ , അവിടുന്നു ളുഹ്ര്‍ നമസ്കാരം നാലു റകഅത്തും അതിന്‌ പിറകെ രണ്ടു റകഅത്തും, അസര്‍ നമസ്കാരം നാലു റകഅത്തും നമസ്കരിക്കയും അതിന്‌ പുറകെ ഒന്നുമില്ലാതിരിക്കയും, അവിടന്നു മഗരിബ്‌ നമസ്കാരം മൂന്നു റകഅത്തു നമസ്കരിക്കയും അതിന്‌ പുറകെ രണ്ടു റകഅത്തും, ഇഷാ നമസ്കാരം നാല്‌ റകഅത്തു നമസ്കരിക്കയും;യാത്രയില്‍ ളുഹ്ര്‍ നമസ്കാരം രണ്ടു റകഅത്തും അതിന്‌ പിറകെരണ്ട്‌ റകഅത്തും, അസര്‍ രണ്ട്‌ റകഅത്തും അതിന്‌ പുറകെ ഒന്നുമില്ലാതിരിക്കയും, മഗരിബ്മൂന്ന്‌ റകഅത്തും, അതിന്‌ പുറകെ രണ്ട്‌ റകഅത്തും, ഇഷാ രണ്ടു റകഅത്തും അതിന്‌ പിറകെ രണ്ടു റകഅത്തും നമസ്കരിച്ചു. (അഹ് മദ്‌)
  19. അബുഹുറയ്‌റ(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: തന്‍റെ നാഥനോട്‌ ദാസന്‍ ഏറ്റവും അടുത്തിരിക്കുന്നത്‌, അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്‌: അതുകൊണ്ട്‌, ഏറ്റവും കൂടുതല്‍ അര്‍ത്ഥനകള്‍ (സുജൂദില്‍ ) ചെയ്യുക. (മുസ്ലിം)
  20. ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) രണ്ട്‌ സൂജൂദിനിടയില്‍ പറയാറുണ്ടായിരുന്നു: അല്ലാഹുവെ, എനിക്ക്‌ മാപ്പു തന്നാലും, എന്നില്‍ കരുണയുണ്ടായാലും, എനിക്ക്‌ മാര്‍ഗ്ഗദര്‍ശനം തന്നാലും, എനിക്ക്‌ ആരോഗ്യം നല്‍കിയാലും, എനിക്കു ആഹാരം നല്‍കിയാലും. (അബൂദാവൂദ്‌)
  21. അബ്ദുല്ലാഇബ്നു മസ്‌ഊദ്‌(റ) പറഞ്ഞു: ഞാന്‍ നമസ്കരിക്കയായിരുന്നു. പ്രവാചകന്‍(സ) സന്നിഹിതനായിരുന്നു. അവിടുത്തെ കൂടെ അബൂബക്കറും ഉമറും ഉണ്ടായിരുന്നു. ഞാന്‍ ഇരുപ്പ്‌ പ്രാപിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിന്‌ സ്തോത്രം ചെയ്യുകയും പിന്നീട്‌ പ്രവാചകനു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: ചോദിക്കുക. നല്‍കപ്പെടും. ചോദിക്കുക, നല്‍കപ്പെടും. (തിര്‍മിദി)
  22. അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) തന്‍റെ വലത്തെ കവിളിന്‍റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്ളിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്‍റെ കാരുണ്യവും ഉണ്ടാകട്ടെ. അവിടുന്നു തന്‍റെ ഇടത്തെ കവിളിന്‍റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്ളിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്‍റെ കാരുണ്യവും ഉണ്ടാകട്ടെ. (അബൂദാവൂദ്‌)
  23. സൌബാന്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) നമസ്കാരത്തില്‍ നിന്ന്‌ മാറുമ്പോള്‍ , മൂന്ന്‌ പ്രാവശ്യം ഇസ്തിഗിഫാര്‍ ചെയ്തു പറഞ്ഞു: അല്ലാഹുവെ, നീ സമാധാനത്തിന്‍റെ നാഥന്‍ , നിന്നില്‍ നിന്നാകുന്നു സമാധാനം. മഹത്വത്തിന്‍റെയും ബഹുമാന്യതയുടെയും നാഥാ, നീ പരിശുദ്ധനാകുന്നു. (അബൂദാവൂദ്‌)
  24. അബുസഈദ്‌(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക്‌ തന്‍റെ നമസ്കാരത്തില്‍ സംശയമുണ്ടാകുകയും താന്‍ എത്ര റകഅത്തു - മൂന്നോ നാലോ -കഴിഞ്ഞുവെന്ന്‌ സംശയമുണ്ടാകുകയും ചെയ്താല്‍ അവന്‍ സംശയത്തെ ത്യജിച്ച്‌ നിസ്സംശയമായതില്‍ തുടരുകയും അതിന്‌ ശേഷം തസ്ളിം പറയുന്നതിന്‌ മുമ്പ്‌ രണ്ട്‌ സുജൂദ്‌ ചെയ്കയും ചെയ്തു കെള്ളട്ടെ. (മുസ്ലിം)
  25. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു: വല്ല മുസ്ലിമിനും ഫര്‍ള്‌ നമസ്കാരം ആസന്നമായി. എന്നിട്ടവന്‍ അതിന്‍റെ വുളു, ഖുശുഅ,്‌ റുകൂഅ്‌ എന്നിവ നല്ല വിധത്തില്‍ നിറവേറ്റി. വന്‍പാപങ്ങള്‍ക്ക്‌ ആ നമസ്കാരം പരിഹാരമാകാതിരിക്കയില്ല. എക്കാലത്തും ഇത്‌ ബാധകമാണ്‌. (മുസ്ലിം) (ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ മാത്രമല്ല. ഏതു കാലത്തും നമസ്കാരം ചെറുപാപങ്ങളെ പൊറുപ്പിക്കാതിരിക്കുകയില്ല)
  26. അബുസുഹൈരി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. സൂര്യോദയത്തിനുമുമ്പും അസ്തമനത്തിനുമുമ്പും നമസ്കരിക്കുന്നവരാരും നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല. സുബ്ഹിയും അസറും ആണ്‌ അതുകൊണ്ട്‌ നബി(സ) വിവക്ഷിച്ചിട്ടുള്ളത്‌. (മുസ്ലിം)
  27. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) ശഠിച്ചു പറഞ്ഞു. വല്ലവനും തന്‍റെ വീട്ടില്‍ വെച്ച്‌ വുളുചെയ്തുകൊണ്ട്‌ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍പെട്ട ഒരു ഭവനത്തില്‍ ഫര്‍ളുനിര്‍വ്വഹിക്കാന്‍ വേണ്ടി ചെന്നുവെങ്കില്‍ തന്‍റെ ചവിട്ടടികളില്‍ ഒന്ന്‌ ഒരു പാപമകറ്റുന്നതും മറ്റേത്‌ ഒരു പദവി ഉയര്‍ത്തുന്നതുമാകുന്നു. (മുസ്ലിം)
  28. ബുറൈദ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: (ജമാഅത്തായി നമസ്കരിക്കുമ്പോള്‍) പള്ളികളിലേക്ക്‌ കൂരിരുട്ടില്‍ നടന്നുപോകുന്നവര്‍ക്ക്‌ അന്ത്യദിനത്തില്‍ പരിപൂര്‍ണ്ണമായ പ്രകാശം ലഭിക്കുമെന്ന്‌ നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (അബൂദാവൂദ്‌, തിര്‍മിദ)
  29. അബൂസഈദി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) അരുള്‍ചെയ്ത: പതിവായി പള്ളിയില്‍ പോകുന്നവരെ നങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന്‌ ഈമാനുണ്ടെന്ന്‌ നിങ്ങള്‍ സാക്‍ഷ്യം വഹിച്ചുകൊള്ളു.! അല്ലാഹു പറഞ്ഞിട്ടുണ്ട്‌. നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്‍റെ പള്ളി പരിപാലിക്കുകയുള്ളു. (തിര്‍മിദി)
  30. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ)യുടെ അടുത്ത്‌ ഒരു അന്ധന്‍ വന്നുകൊണ്ട്‌ പറഞ്ഞു. പ്രവാചകരേ! പള്ളിയിലേക്ക്‌ കൊണ്ടുപോകുവാന്‍ ഒരു വഴികാട്ടി എനിക്കില്ല. അങ്ങനെ സ്വന്തം വീട്ടില്‍വെച്ച്‌ നമസ്കരിക്കാനുള്ള വിട്ടുവീഴ്ച റസൂല്‍ (സ) യോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍ (സ) അദ്ദേഹത്തിന്‌ വിട്ടുവീഴ്ച നല്‍കിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞുപോയപ്പോള്‍ , അയാളെ വിളിച്ചു ചോദിച്ചു. നീ ബാങ്ക്‌ കേള്‍ക്കാറുണ്ടോ? അതെ എന്നയാള്‍ പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നീ അതിനുത്തരം ചെയ്യണം. (മുസ്ലിം)
  31. അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകരേ! നിശ്ചയം വന്യമ്യഗങ്ങളും ദുഷ്ടജന്തുക്കളും ധാരാളമുള്ള സ്ഥലമാണ്‌ മദീന. (അതുകൊണ്ട്‌ ജമാഅത്തിന്‌ പങ്കെടുക്കാതെ എന്‍റെ വീട്ടില്‍വെച്ച്‌ നമസ്കരിക്കാനുള്ള അനുവാദം അവിടുന്ന്‌ നല്‍കിയാലും) നബി(സ) ചോദിച്ചു. നമസ്കാരത്തിലേക്ക്‌ വരൂ! വിജയത്തിലേക്ക്‌ വരു! എന്ന്‌ നീ കേള്‍ക്കാറുണ്ടോ? എന്നാല്‍ നീ ഇവിടെ വരിക തന്നെ വേണം. (അബൂദാവൂദ്‌) (അതാണ്‌ നിനക്കുത്തമം)
  32. ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌ നിവേദനം: യഥാര്‍ത്ഥ മുസ്ലിമായിക്കൊണ്ട നാളെ അല്ലാഹുവിനെ സമീപിക്കുവാന്‍ വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ ബാങ്ക്‌ വിളിക്കുന്ന സ്ഥലത്തുവെച്ച്‌ അവന്‍ പതിവായി നമസ്കരിച്ചുകൊള്ളട്ടെ. നിശ്ചയം, നിങ്ങളുടെ പ്രവാചകന്‌ സന്‍മാര്‍ഗ്ഗപന്ഥാവ്‌ അല്ലാഹു കാണിച്ചുകൊടുത്തിരിക്കുന്നു. ഇവ (നമസ്ക്കാരങ്ങള്‍ ) ആ സന്‍മാര്‍ഗ്ഗപന്ഥാവില്‍ പെട്ടതാകുന്നു. നിശ്ചയം, ജമാഅത്തില്‍ പങ്കെടുക്കാത്ത ഇവന്‍ തന്‍റെ വീട്ടില്‍ വെച്ച്‌ ഒറ്റക്ക്‌ നമസ്കരിക്കുംപോലെ നിങ്ങളും സ്വന്തം ഭവനങ്ങളില്‍ വെച്ച്‌ നമസ്കരിക്കുന്നപക്ഷം നബി(സ)യുടെ മാതൃക നിങ്ങള്‍ കൈവെടിഞ്ഞു. നബി(സ)യുടെ മാതൃക കൈവെടിഞ്ഞാല്‍ നിശ്ചയം, നിങ്ങള്‍ വഴിപിഴച്ചവരായിത്തീരും. നിശ്ചയം. ഞങ്ങളെ എനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. കലവറയില്ലാത്ത മുനാഫിഖുകളല്ലാതെ ജമാഅത്തില്‍ പങ്കെടുക്കാതെ പിന്തിനില്‍ക്കാറില്ല. ചില ആളുകള്‍ രണ്ടാളുകളുടെ (ചുമലില്‍ ) നയിക്കപ്പെട്ട്‌ കൊണ്ട്‌ വന്ന്‌ നമസ്കാരത്തിന്‍റെ സഫില്‍ നിര്‍ത്തപ്പെടാറുണ്ടായിരുന്നു. (മുസ്ലിം) മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്‌: നിശ്ചയം, റസൂല്‍ (സ) സന്‍മാര്‍ഗ്ഗപന്ഥാവ്‌ ഞങ്ങളെ പഠിപ്പിച്ചു. ബാങ്കുകൊടുക്കുന്ന പള്ളിയില്‍വെച്ച്‌ ജമാഅത്തായുള്ള നമസ്കാരം അവയില്‍പ്പെട്ടതാണ്‌.
  33. അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. : നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കാതെ ഗ്രാമത്തിലോ കുഗ്രാമത്തിലോ മൂന്നാളുകള്‍ ഉണ്ടാവുകയില്ല -പിശാച്‌ അവരെ ജയിച്ചടക്കിയിട്ടല്ലാതെ, അതുകൊണ്ട്‌ നിങ്ങള്‍ ജമാഅത്ത്‌ നിലനിര്‍ത്തണം. നിശ്ചയം, ആടുകളില്‍ നിന്ന്‌ ഒറ്റപ്പെട്ടുപോയ ആടുകളെയാണ്‌ ചെന്നായ തിന്നുക. (അതുകൊണ്ട്‌ നമസ്കാരത്തിലും മറ്റും ജമാഅത്ത്‌ കൈകൊള്ളണം) (അബൂദാവൂദ്‌)
  34. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. വല്ലവനും ഇശാ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ (ഫലത്തില്‍ ) രാത്രി പകുതിവരെ നമസ്ക്കരിച്ചതുപോലെയാണ്‌. സുബ്ഹി ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ (ഫലത്തില്‍ ) രാത്രി മുഴുവന്‍ നമസ്കരിച്ചതുപോലെയാണ്‌. (മുസ്ലിം). (സുബ്ഹിയും ഇശായും ജമാഅത്തായി നമസ്കരിക്കുന്നവന്‌ രാത്രി മുഴുവന്‍ സുന്നത്ത്‌ നമസ്കരിച്ചവന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്‌) തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുണ്ട്‌ ഉസ്മാന്‍ (റ) നിവേദനം ചെയ്തു: റസൂല്‍ (സ) പറഞ്ഞു: ഇശായുടെ ജമാഅത്തില്‍ വല്ലവരും പങ്കെടുക്കുന്നപക്ഷം ഫലത്തില്‍ രാത്രിയുടെ പകുതി സുന്നത്ത്‌ നമസ്കരിച്ചവന്‍റെ പ്രതിഫലം അവന്‌ ലഭിക്കും. ഇശായും സുബ്ഹിയും വല്ലവനും ജമാഅത്തായി നമസ്കരിച്ചാല്‍ രാത്രി മുഴുവന്‍ സുന്നത്ത്‌ നമസ്കരിച്ച പ്രതിഫലം അവന്‌ ലഭിക്കും (തിര്‍മിദി)
  35. ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്‌. (മുസ്ലിം)
  36. ബുറൈദ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നമ്മുടേയും അവരുടേയും (മുനാഫിഖുകളുടേയും) ഇടയിലുള്ള ബന്ധം നമസ്കാരം കൊണ്ട്‌ മാത്രമാണ്‌. അവരാരെങ്കിലും അത്‌ കൈവെടിഞ്ഞാല്‍ അവന്‍ സത്യനിഷേധിയത്രെ. (തിര്‍മിദി) (കാഫിറുകളും മുനാഫിഖുകളും തമ്മിലുള്ള വ്യത്യാസം നമസ്കാരം മാത്രമാണ്‌. നമസ്കാരംകൊണ്ട്‌ മുസ്ളീംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കും ലഭിക്കും. അത്തരം കാര്യങ്ങള്‍ അവര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ അവരും കാഫിറുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കയില്ല)
  37. ഷഫീഖി(റ)ല്‍ നിന്ന്‌ നിവേദനം: നമസ്കാരമല്ലാതെ കൈവെടിഞ്ഞാല്‍ കാഫിറാകുന്ന യാതൊരു ഇബാദത്തും മുഹമ്മദ്‌ നബി(സ)യുടെ സന്തത സഹചാരികള്‍ കണ്ടിരുന്നില്ല. (തിര്‍മിദി)
  38. അബുഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളില്‍ അന്ത്യദിനത്തില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്‌ നമസ്ക്കാരത്തെകുറിച്ചാണ്‌. അത്‌ നന്നായിട്ടുണ്ടെങ്കില്‍ അവന്‍ വിജയിയും അത്‌ ഫാസിദായിട്ടുണ്ടെങ്കില്‍ അവന്‍ പരാജിതനുമത്രെ! ഇനിയൊരാള്‍ ഫര്‍ള്‌ നിര്‍വ്വഹിച്ചതില്‍ വല്ല വീഴ്ചയും വരുത്തീട്ടുണ്ടെങ്കില്‍ (മലക്കുകളോട്‌) അല്ലാഹു പറയും: അവന്‍ വല്ല സുന്നത്തും നിര്‍വ്വഹിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒന്നു നോക്കൂ! അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഫര്‍ളിലെ ന്യൂനത അതുകൊണ്ട്‌ പരിഹരിക്കപ്പെടും. പിന്നീട്‌ മറ്റ്‌ അമലുകളുടെയും നില ഇതു തന്നെ. (തിര്‍മിദി) (ഫര്‍ളിലെ വീഴ്ച സുന്നത്തുകൊണ്ട്‌ പരിഹരിക്കപ്പെടും)
  39. ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ റസൂല്‍ (സ) ഞങ്ങളുടെ അടുത്ത്‌ പുറപ്പെട്ടുവന്നുകൊണ്ട്‌ ചോദിച്ചു. മലക്കുകള്‍ റബ്ബിന്‍റെ അടുക്കല്‍ അണിയായി നില്‍ക്കുംപോലെ നമസ്കാരത്തില്‍ നിങ്ങള്‍ക്കും അണിയായി നിന്നുകൂടെ? ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ! മലക്കുകള്‍ റബ്ബിന്‍റെ അടുത്ത്‌ എങ്ങനെയാണ്‌ അണിയായി നില്‍ക്കുന്നത്‌? അവിടുന്ന്‌ പറഞ്ഞു: ആദ്യമാദ്യം അണികളെ അവര്‍ പൂര്‍ത്തീകരിക്കും. അണികളെ അവര്‍ നേരെയാക്കുകയും ചെയ്യും. (മുസ്ലിം)
  40. അബുഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: പുരുഷന്‍മാരുടെ അണികളില്‍ ആദ്യത്തേതാണുത്തമം. അവസാനത്തേത്‌ ശര്‍റുമാകുന്നു. (ഇമാമിന്‍റെ ഖിറാഅത്ത്‌ കേള്‍ക്കാനും അദ്ദേഹത്തിന്‍റെ സ്ഥിതിഗതികള്‍ നേരില്‍ മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്‍റെയും മലക്കുകളുടെയും സ്വലാത്തിന്‌ അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില്‍ അവസാനത്തേതാണുത്തമം. ആദ്യത്തേത്‌ ശര്‍റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്‍മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക്‌ ഏറ്റവും നല്ലത് പിന്‍സഫ്ഫുകളില്‍ നില്‍ക്കലാകുന്നു)
  41. അബുസഈദി()ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) ഒരികകല്‍ അവിടുത്തെ സനതതസഹചാരികള്‍ സഫ്ഫുകളില്‍ പിന്തിനില്‍ക്കുന്നത്‌ കാണാനിടയായി. അന്നേരം നബി(സ) അവരോട്‌ പറഞ്ഞു. നിങ്ങള്‍ മുന്തുകയും എന്നോട്‌ തുടരുകയും ചെയ്യണം. നിങ്ങള്‍ക്ക്‌ ശേഷമുള്ളവര്‍ നിങ്ങളോടും തുടരട്ടെ. (നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും അവര്‍ കണ്ടു മനസ്സിലാക്കട്ടെ) ചില ആളുകള്‍ അണികളില്‍ പിന്തിക്കൊണ്ടിരിക്കും. അവസാനം അല്ലാഹു അവരെ അനുഗ്രഹത്തില്‍ നിന്ന്‌ പിന്തിക്കും. (മുസ്ലിം)
  42. ബറാഇ(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) ഞങ്ങളുടെ നെഞ്ചുകളും ചുമലുകളും ശരിയാക്കി ഒരു ഭാഗത്തുനിന്ന്‌ മറ്റൊരു ഭാഗം വരെ സഫ്ഫുകള്‍ക്കിടയിലൂടെ നടന്നുകൊണ്ടു പറഞ്ഞിരുന്നു. നിങ്ങള്‍ ഛിന്നഭിന്നമാകരുത്‌. (ചിലര്‍ മുന്തിയും മറ്റുചിലര്‍ പിന്തിയും നില്‍ക്കരുത്‌) അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ വിഭിന്നമാകും. മാത്രമല്ല, അവിടുന്ന്‌ പറയാറുണ്ട്‌: നിശ്ചയം, അല്ലാഹു ആദ്യസഫ്ഫുകളുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്‌)
  43. ഇബ്‌നുമറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) ശഠിച്ചുപറഞ്ഞു: നിങ്ങള്‍ അണി ശരിയാക്കുകയും ചുമലുകള്‍ നേരെയാക്കുകയും വിടവുകള്‍ അടയ്ക്കുകയും നിങ്ങളുടെ സഹോദരന്‍മാരുടെ കൈക്ക്‌ വഴങ്ങിക്കൊടുക്കുകയും ചെയ്യുക. (സഫ്ഫുകളില്‍ അണിനിരക്കുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങള്‍ മര്‍ക്കടമുഷ്ടി കൈവെടിയണം) പിശാചിന്‌ നിങ്ങള്‍ വിടവുകളുപേക്ഷിച്ചിടരുത്‌. (തിങ്ങിനില്‍ക്കേണ്ടതാണ്‌) അണി ചേര്‍ക്കുന്നവനെ അല്ലാഹു ചേര്‍ക്കുകയും അണി മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. ! (അബൂദാവൂദ്‌)
  44. അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ അണികള്‍ ചേര്‍ക്കണം (വിടവുണ്ടാക്കരുത്‌. ഏകദേശം 3 മുഴം മാത്രം അകലെ) അവയ്ക്കിടയില്‍ ചേര്‍ന്ന്‌ നില്‍ക്കുകയും പിരടികള്‍ സമമാക്കുകയും ചെയ്യേണ്ടതാണ്‌. എന്‍റെ ആത്മാവ്‌ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെക്കൊണ്ട്‌ സത്യം! നിശ്ചയം അണികളുടെ ഇടയില്‍ കറുത്ത ആട്ടിന്‍കുട്ടികളെപ്പോലെ പിശാച്‌ കടന്നുവരുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌. (അബൂദാവൂദ്‌)
  45. അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ മുമ്പിലുള്ള സഫ്ഫുകളെ (ആദ്യമാദ്യം) പൂര്‍ത്തീകരിക്കുക. വല്ല അപൂര്‍ണ്ണതയുമുണ്ടെങ്കില്‍ അത്‌ അവസാനത്തെ അണിയിലായിക്കൊള്ളട്ടെ. (അബൂദാവൂദ്‌)
  46. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അണികളില്‍ നിന്ന്‌ വലതുഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്‌)
  47. ബറാഇ(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ)യുടെ പിന്നില്‍ നിന്ന്‌ നമസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്താകാന്‍ ഞങ്ങളിഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ക്കഭിമുഖമായി പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കേട്ടു. നാഥാ! പുനരുത്ഥാനദിവസം അതല്ലെങ്കില്‍ നിന്‍റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന ദിവസം നിന്‍റെ ശിക്ഷയെക്കുറിച്ച്‌ ഞങ്ങളെ നീ കാക്കേണമേ. (മുസ്ലിം)
  48. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഇമാമിനെ നടുവിലാക്കുകയും വിടവുകള്‍ നികത്തുകയും ചെയ്യുക! (അബൂദാവൂദ്‌)
  49. റംല(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. എല്ലാ ദിവസവും ഫര്‍ളിനുപുറമെ പന്ത്രണ്ടു റക്‌അത്ത്‌ സുന്നത്ത്‌ നമസ്കരിക്കുന്ന ഓരോ മുസ്ലിമിനും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഓരോ ഭവനമുണ്ടാക്കാതിരിക്കുകയില്ല. (മുസ്ലിം)
  50. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹിന്‍റെ രണ്ടു റക്‌അത്ത്‌ ഇഹലോകത്തേക്കാളും അതിലുള്ളതിനെക്കാളും ഗുണകരമായതാണ്‌. (മുസ്ലിം)
  51. ബിലാലി(റ)ല്‍ നിന്ന്‌ നിവേദനം: അദ്ദേഹം ഒരിക്കല്‍ സുബ്ഹി നമസ്കാരം ഓര്‍മ്മപ്പെടുത്താന്‍ റസൂല്‍ (സ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ നല്ലവണ്ണം പുലരുന്നതുവരെ ബിലാലി(റ)നോട്‌ ഏതോ കാര്യം ചോദിച്ചുകൊണ്ട്‌ ആയിശ(റ) അദ്ദേഹത്തെ ജോലിയിലാക്കി. അങ്ങനെ ബിലാല്‍ (റ) പെട്ടെന്ന്‌ എഴുന്നേറ്റു കൊണ്ട്‌ നമസ്കാരസമയം നബി(സ)യെ അറിയിച്ചു. വീണ്ടും വീണ്ടും അദ്ദേഹം അറിയിച്ചെങ്കിലും റസൂല്‍ (സ) പുറപ്പെടുകയുണ്ടായില്ല. പിന്നീട്‌ പുറപ്പെട്ട്‌ ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്കരിച്ചപ്പോള്‍ ബിലാല്‍ (റ) പറഞ്ഞു: ആയിശ(റ) ഒരു കാര്യം ചോദിച്ച്‌ നേരം പുലരുന്നതുവരെ വൈകിച്ചതാണ്‌. അവിടുന്ന്‌ പറഞ്ഞു: ഞാന്‍ സുബ്ഹിന്‍റെ രണ്ടു റക്‌അത്ത്‌ നമസ്കരിക്കുകയായിരുന്നു. (അതുകൊണ്ടാണ്‌ പുറപ്പെടാന്‍ വൈകിയത്‌) ബിലാല്‍ (റ) പറഞ്ഞു: പ്രവാചകരെ! അങ്ങ്‌ (നമസ്കരിക്കാതെ) നേരം വെളുപ്പിച്ചല്ലോ. നബി(സ) പറഞ്ഞു: ഇതില്‍ കൂടുതല്‍ നേരം പുലര്‍ന്നാലും ഭംഗിയായിത്തന്നെ ഞാന്‍ അവ രണ്ടുംനമസ്കരിക്കും. (അബൂദാവൂദ്‌)
  52. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: ഇശാഅ്‌ നമസ്കാരം കഴിഞ്ഞ്‌ സുബ്ഹി നമസ്കാരത്തില്‍ പ്രവേശിക്കുന്നതിനിടയില്‍ നബി(സ) 11 റക്‌അത്ത്‌ സുന്നത്ത്‌ നമസ്കരിച്ചിരുന്നു. എല്ലാ ഈരണ്ട്‌ റക്‌അത്തുകള്‍ക്കിടയിലും അവിടുന്ന്‌ സലാം വീട്ടും. ഒരു റക്‌അത്തുകൊണ്ട്‌ ആ നമസ്കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക്‌ വിളിക്കുന്നവന്‍ സുബ്ഹി ബാങ്കില്‍ നിന്ന്‌ വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്കാരസമയം അറിയിക്കാന്‍വേണ്ടി) നബി(സ)യുടെ അടുത്ത്‌ മുഅദ്ദിന്‍ ചെല്ലുകയും ചെയ്താല്‍ അവിടുന്ന്‌ എഴുന്നേറ്റ്‌ ലഘുവായി രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കും. എന്നിട്ട്‌ ഇഖാമത്ത്‌ കൊടുക്കുവാന്‍വേണ്ടി മുഅദ്ദിന്‍ വരുന്നതുവരെ അവിടുന്ന്‌ വലതുഭാഗത്ത്‌ ചരിഞ്ഞുകിടക്കും. (മുസ്ലിം). (സുബ്ഹിയുടെ സുന്നത്ത്‌ നമസ്കരിച്ചുകഴിഞ്ഞാല്‍ അല്‍പം ചരിഞ്ഞുകിടക്കല്‍ സുന്നത്തുണ്ട്‌)
  53. അബുഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങളാരെങ്കിലും സുബ്ഹിന്‍റെ രണ്ട്‌ റക്‌അത്ത്‌ നമസ്കരിച്ചാല്‍ തന്‍റെ വലതുഭാഗത്ത്‌ ചരിഞ്ഞുകിടന്നുകൊള്ളട്ടെ! (അബൂദാവൂദ്‌, തിര്‍മിദി)
  54. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) എന്‍റെ വീട്ടില്‍ വെച്ച്‌ ളുഹറിന്‍റെ മുമ്പ്‌ നാലു റക്‌അത്ത്‌ നമസ്കരിച്ചിരുന്നു. പിന്നീട്‌ അവിടുന്ന്‌ പുറത്തുപോയി ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്കരിക്കും. അതിനുശേഷം വീട്ടില്‍ മടങ്ങിവന്ന്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്കരിക്കാറുണ്ട്‌. അപ്രകാരം തന്നെ അവിടുന്ന്‌ മഗ്‌രിബിന്‌ ഇമാമായി നമസ്കരിച്ചതിനുശേഷം എന്‍റെ വീട്ടില്‍ തിരിച്ചുവന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കും. ജനങ്ങള്‍ക്ക്‌ ഇമാമായി ഇശാ നമസ്കരിച്ചതിനുശേഷവും വീട്ടില്‍വന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിച്ചിരുന്നു. (മുസ്ലിം)
  55. ഉമ്മുഹബീബ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: ളുഹറിന്‍റെ മുമ്പ്‌ നാല്‌ റക്‌അത്തും അതിനുശേഷം നാലു റക്‌അത്തും പതിവായി അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തിന്‌ ഹറാമാക്കുന്നതാണ്‌. (അതില്‍ ശാശ്വതമാകേണ്ടി വരില്ല) (അബൂദാവൂദ്‌, തിര്‍മിദി)
  56. അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന്‌ തെറ്റിയതിനുശേഷം ളുഹറിനുമുമ്പായി റസൂല്‍ (സ) നാലു റക്‌അത്ത്‌ നമസ്കരിച്ചിരുന്നു. ഒരിക്കല്‍ അവടുന്ന്‌ പറഞ്ഞു. വാനലോകത്തിന്‍റെ കവാടങ്ങള്‍ തുറക്കപ്പടുന്ന ഒരു സമയമാണത്‌. അതുകൊണ്ട്‌ ആ സമയത്ത്‌ എന്‍റെ ഏതെങ്കിലും സ്വാലിഹായ അമല്‍ ഉയര്‍ത്തപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. (തിര്‍മിദി) (സ്വാലിഹായ അമലുകളില്‍വെച്ച്‌ ഏറ്റവും ശ്രേഷ്ഠമായത്‌ നമസ്കാരമാകുന്നു)
  57. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: ളുഹറിനുമുമ്പ്‌ നാല്‌ റക്‌അത്ത്‌ നമസ്കരിക്കാന്‍ നബി(സ)ക്ക്‌ സൌകര്യപ്പെട്ടിട്ടില്ലെങ്കില്‍ അതിനുശേഷം നാലു റക്‌അത്ത്‌ നമസ്കരിച്ചിരുന്നു. (തിര്‍മിദി)
  58. അലി(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അസറിനുമുമ്പ്‌ നാല്‌ റക്‌അത്ത്‌ നമസ്കരിച്ചിരുന്നു. അവര്‍ക്കിടയില്‍ (രണ്ട്‌ റക്‌അത്തിനുശേഷം) മുക്കര്‍റബായ മലക്കുകള്‍ക്കും അവരെ അനുധാവനം ചെയ്ത മുസ്ളീംകള്‍ക്കും മുഅ്മിനുകള്‍ക്കും സലാം ചൊല്ലുമായിരുന്നു. (തിര്‍മിദി) (ഇടയില്‍ സലാം ചൊല്ലി ഈരണ്ട്‌ റക്‌അത്തായി കൊണ്ടാണ്‌ നമസ്കരിച്ചിരുന്നത്‌)
  59. ഇബ്‌നുഉമറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു; അസറിമുമുമ്പ്‌ നാല്‌ റക്‌അത്ത്‌ നമസ്കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ! (അബൂദാവൂദ്‌, തിര്‍മിദി)
  60. അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ)യുടെ കാലഘട്ടത്തില്‍ സൂര്യാസ്തമനത്തിന്‌ ശേഷം മഗ്‌രിബ്‌ നമസ്കാരത്തിനുമുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ ഞങ്ങള്‍ നമസ്കരിച്ചിരുന്നു. ചോദിക്കപ്പെട്ടു. നബി(സ) അത്‌ നമസ്കരിച്ചിരുന്നുവോ? റാവി പറഞ്ഞു ഞങ്ങളത്‌ നമസ്കരിക്കുന്നതായിട്ട്‌ നബി ഞങ്ങളെ കണ്ടിരുന്നു. അപ്പോള്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിരോധിക്കുകയോ കല്‍പിക്കുകയോ ചെയ്തിട്ടില്ല. (മുസ്ലിം)
  61. അനസി(റ)ല്‍ നിന്ന്‌ നിവേദനം: ഞങ്ങള്‍ മദീനയിലായിരിക്കുമ്പോള്‍ മഗ്‌രിബ്‌ നമസ്കാരത്തിന്‌ മുഅദ്ദിന്‍ ബാങ്കുകൊടുത്താല്‍ അവര്‍ തൂണുകളുടെ അടുത്തേക്ക്‌ ഓടിച്ചെന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കുമായിരുന്നു. ഒരു വിദേശി പള്ളിയില്‍ വന്ന്‌ കടന്നാല്‍ മഗ്‌രിബ്‌ നമസ്കരിക്കുകയാണെന്ന്‌ വിചാരിക്കും. നമസ്കരിക്കുന്നവരുടെ സംഖ്യ കൂടുതലായതുകൊണ്ടാണ്‍അങ്ങനെ വിചാരിക്കുവാനിടയാകുന്നത്‌. (മുസ്ലിം)
  62. അബുഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു. നിങ്ങളാരെങ്കിലും ജൂമുഅ നമസ്കരിച്ചാല്‍ അതിനുശേഷം അവന്‍ നാല്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്കരിച്ചുകൊള്ളട്ടെ. ! (മുസ്ലിം)
  63. ഇബ്‌നുഉമറി(റ)ല്‍ നിന്ന്‌ നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത്‌ നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കാറുണ്ട്‌. (മുസ്ലിം)
  64. ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു: നിങ്ങളാരെങ്കിലും പള്ളിയില്‍വെച്ച്‌ നമസ്കാരം നിര്‍വ്വഹിക്കുന്നുവെങ്കില്‍ തന്‍റെ നമസ്കാരത്തില്‍ നിന്ന്‌ ഒരോഹരി അവന്‍റെ ഭവനത്തിനും ആക്കിക്കൊള്ളട്ടെ! തന്‍റെ നമസ്കാരം മൂലം നിസ്സംശയം അവണ്റ്റ ഭവനത്തില്‍ അല്ലാഹു അഭിവൃദ്ധി നല്‍കും. (മുസ്ലിം)
  65. അംറി(റ)ല്‍ നിന്ന്‌ നിവേദനം: അംറിനെ ഒരിക്കല്‍ നാഫിഅ്‌(റ) സാഇബിന്‍റെ അടുത്തേക്ക്‌ പറഞ്ഞയച്ചു. അദ്ദേഹത്തില്‍ നിന്ന്‌ നമസ്കാരത്തില്‍വെച്ച്‌ മുആവിയാ(റ) വിന്‌ കാണാന്‍കഴിഞ്ഞ ഏതോ കാര്യത്തെ സംബന്ധിച്ച്‌ സാഇബിനോട്‌ ചോദിച്ചറിയുവാന്‍ വേണ്ടിയായിരുന്നു പറഞ്ഞയച്ചത്‌. അങ്ങനെ ഞാന്‍ സാഇബിന്‍റെ അടുത്തുചെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അതെ! ഞാന്‍ മുആവിയ(റ) യൊന്നിച്ച്‌ ഒരു മുറിയില്‍ ജുമുഅ നമസ്കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്ന്‌ അവിടെവെച്ച്‌ സുന്നത്ത്‌ നമസ്കരിച്ചു. അദ്ദേഹം തന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോള്‍ എണ്റ്റടുത്ത്‌ ആളെ പറഞ്ഞയച്ചുകൊണ്ട്‌ പറഞ്ഞു: നീ ഈ ചെയ്തത്‌ ആവര്‍ത്തിക്കരുത്‌. ജുമുഅ നമസ്കരിച്ചാല്‍ സംസാരിക്കുകയോ സ്ഥലംവിടുകയോ ചെയ്യുന്നതുവരെ മറ്റൊരു നമസ്കാരം അതിനോട്‌ നീ ചേര്‍ക്കരുത്‌. നിശ്ചയം സംസാരിക്കുകയോ സ്ഥലം വിടുകയോ ചെയ്യാതെ തുടര്‍ന്ന്‌ നമസ്കരിക്കരുതെന്ന്‌ റസൂല്‍ (സ) നമ്മോട്‌ ആജ്ഞാപിച്ചിട്ടുണ്ട്‌. (മുസ്ലിം)
  66. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) നാല്‌ റക്‌അത്ത്‌ ളുഹാ നമസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്നുദ്ദേശിക്കുന്നത്ര റക്‌അത്തുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്‌. (മുസ്ലിം)
  67. സൈദുബ്‌നു അര്‍ഖമി(റ)ല്‍ നിന്ന്‌ നിവേദനം: (ആദ്യ സമയത്ത്‌) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാതെ സമയത്ത്‌ നമസ്കരിക്കലാണ്‌ ഏറ്റവും ഉത്തമമെന്ന്‌ അവര്‍ക്കറിഞ്ഞുകൂടെ? നിശ്ചയം, റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്‌. അവ്വാബീങ്ങളുടെ (പാപങ്ങളില്‍ നിന്ന്‌ സദാപശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ) (ളുഹാ) നമസ്കാരം ഒട്ടകക്കുഞ്ഞുങ്ങള്‍ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊള്ളുന്ന സമയമത്രെ. ! (മുസ്ലിം)
  68. സഅ്ദി(റ)ല്‍ നിന്ന്‌ നിവേദനം: ഞങ്ങളൊരിക്കല്‍ മക്കയില്‍ നിന്ന്‌ മദീന ലക്ഷ്യംവെച്ചുകൊണ്ട്‌ നബി(സ) യോടൊപ്പം യാത്ര തിരിച്ചു. അങ്ങനെ ഞങ്ങള്‍ (മക്കയോടടുത്ത) അസ്‌വസാഅ്‌ എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) അവിടെ ഇറങ്ങി. ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ ഒരു മണിക്കൂറ്‍ സമയം അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു. പിന്നീട്‌ അവിടുന്ന്‌ സാജിദായിക്കൊണ്ട്‌ വീണു. പിന്നെയും സാജിദായി വീണു, മൂന്നു പ്രാവശ്യം ഇതാവര്‍ത്തിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബിനോട്‌ ദുആ ഇരക്കുകയും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യുകയായിരുന്നു. അങ്ങനെ എന്‍റെ പ്രജകളില്‍ മൂന്നിലൊരു ഭാഗത്തെ (സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ ) എനിക്ക്‌ അനുവാദം നല്‍കി. അതിനു നന്ദിയായിക്കൊണ്ട്‌ ഞാന്‍ സാജിദായി വീണു. അതിനുശേഷം ഞാന്‍ തലയുയര്‍ത്തി വീണ്ടും പ്രജകള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്തു. അപ്പോഴും മൂന്നിലൊരു ഭാഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ എനിക്ക്‌ അനുമതി നല്‍കി. പിന്നെയും നന്ദിയായി ഞാന്‍ സുജൂദില്‍ വീഴുകയുണ്ടായി. അതില്‍നിന്നു തലയുയര്‍ത്തി വീണ്ടും പ്രജകളുടെ കാര്യത്തില്‍ ഞാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ ബാക്കിയുള്ള മൂന്നിലൊന്നും എനിക്കനുവദിച്ചു. തുടര്‍ന്ന്‌ മൂന്നാം പ്രാവശ്യവും ശുക്‌റായിക്കൊണ്ട്‌ സുജൂദില്‍ വീണു. (അബൂദാവൂദ്‌)
  69. അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അരുള്‍ ചെയ്തു: ജനങ്ങളെ! നിങ്ങള്‍ സലാം വ്യാപിപ്പിക്കുകയും ആഹാരം നല്‍കുകയും ജനങ്ങള്‍ രാത്രി നിദ്രയിലാണ്ടു കഴിയുന്നസമയം നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായിക്കൊണ്ട്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. (തിര്‍മിദി)
  70. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച്‌ ഏറ്റവും ഉത്തമമായത്‌ മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച്‌ ഏറ്റവും ഉത്തമമായത്‌ രാത്രിയിലെ സുന്നത്ത്‌ നമസ്കാരമാകുന്നു. (മുസ്ലിം)
  71. ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ റസൂല്‍ (സ) ചോദിക്കപ്പെട്ടു. നമസ്കാരങ്ങളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠതയുള്ളതേതാണ്‌? അവിടുന്ന്‌ ഉത്തരം നല്‍കി: നിറുത്തം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്ന നമസ്കാരമാണത്‌. (മുസ്ലിം)
  72. ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, രാത്രിയില്‍ ഒരു (്രത്യേക) സമയമുണ്്‌. ഇഹപരകാര്യങ്ങളില്‍ നന്‍മ ചോദിച്ചുകൊണ്ട്‌ ഒരു മുസ്ലിമും അതുമായി എത്തിമുട്ടുകയില്ല-അല്ലാഹു അവനത്‌ നല്‍കിയിട്ടല്ലാതെ. എല്ലാ രാത്രിയിലും ഇങ്ങനെതന്നെയാണ്‌. (മുസ്ലിം) (ഒരു രാത്രിയിലെ മാത്രം പ്രത്യേകതയല്ല)
  73. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരെങ്കിലും രാത്രിനമസ്കരിക്കുന്ന പക്ഷം ലഘുവായ രണ്ട്‌ റക്‌അത്ത്‌ കൊണ്ട്‌ നമസ്കാരം ആരംഭിച്ചുകൊള്ളുക. (മുസ്ലിം)
  74. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) രാത്രിയില്‍ എഴുന്നേറ്റ്‌ നമസ്കരിക്കുമ്പോള്‍ ലഘുവായ രണ്ട്‌ റക്‌അത്തുകൊണ്ടാണ്‌ നമസ്കാരം ആരംഭിച്ചിരുന്നത്‌. (മുസ്ലിം)
  75. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: രാത്രിയില്‍ എഴുന്നേറ്റു നമസ്കരിച്ചവനേയും ഭാര്യയെ വിളിച്ചുണര്‍ത്തി, അവള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ മുഖത്ത്‌ വെള്ളംകുടഞ്ഞു എഴുന്നേല്‍പ്പിച്ചവനേയും, അല്ലാഹു അനുഗ്രഹിക്കട്ടെ! അപ്രകാരംതന്നെ രാത്രി എഴുന്നേറ്റ്‌ നമസ്കരിക്കുകയും ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖത്ത്‌ വെള്ളം കുടഞ്ഞ്‌ എഴുന്നേല്‍പ്പിക്കുകയും ചെയ്തവളേയും അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്‌)
  76. അബൂഹുറയ്‌റ(റ)യില്‍ നിന്നും അബുസഈദി(റ)ല്‍നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു; ഒരാള്‍ രാത്രിയില്‍ തന്‍റെ സഹധര്‍മ്മിണിയെ വിളിച്ചുണര്‍ത്തി. എന്നിട്ട്‌ അവരിരുവരും (ജമാഅത്തായോ ഒറ്റക്കോ) രണ്ടു റക്‌അത്ത്‌ നമസ്കരിച്ചു. എങ്കില്‍ സ്മരിക്കുന്നവര്‍ക്കിടയില്‍ അവരെപ്പറ്റി എഴുതപ്പെടുന്നതാണ്‌. (അബൂദാവൂദ്‌)
  77. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ്‌ നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതാന്‍ നാവില്‍ പ്രയാസം നേരിടുകയും പറയുന്നത്‌ ഗ്രഹിക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ഉറങ്ങിക്കൊള്ളുക. (മുസ്ലിം)
  78. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: മറ്റേത്‌ മാസങ്ങളിലുമില്ലാത്ത പരിശ്രമമാണ്‌ റമസാനില്‍ റസൂല്‍ (സ) ചെയ്യാറ്‌. അപ്രകാരം മറ്റേത്‌ ദിവസങ്ങളിലുമില്ലാത്ത പരിശ്രമം റമസാന്‍റെ അവസാനത്തെ പത്തില്‍ അവിടുന്ന്‌ ചെയ്യാറുണ്ട്‌. (മുസ്ലിം)
  79. ആയിശ(റ)യില്‍ നിന്ന്‌ നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദൃ ഏതാണെന്ന്‌ ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ്‌ പറയേണ്ടത്‌: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ്‌ കൊടുക്കുന്നവനാണ്‌. മാപ്പ്‌ കൊടുക്കാന്‍ നിനക്കിഷ്ടമാണ്‌. അതുകൊണ്ട്‌ എനിക്ക്‌ നീ മാപ്പു തരേണമെ!. (മുസ്ലിം)

No comments:

Post a Comment