ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

യോജിപ്പ് (സന്ധി)


യോജിപ്പ് (സന്ധി)
  1. അനസ്(റ) നിവേദനം: താങ്കള്‍ അബ്ദുല്ലാഹിബ്നു ഉബയ്യത്തിന്‍റെ അടുക്കലേക്ക് പുറപ്പെട്ടാലും എന്ന് നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ ഒരു കഴുതപ്പുറത്ത് കയറി അവന്‍റെ അടുക്കലേക്ക് നബി(സ) പുറപ്പെട്ടു. മുസ്ളിംകളും നബി(സ)യുടെ കൂടെ കാല്‍നടയായി പുറപ്പെട്ടു. അതു ഒരു ചതുപ്പ് സ്ഥലമായിരുന്നു. നബി(സ) അവനെ സമീപിച്ചപ്പോള്‍ എന്നില്‍ നിന്ന് നീ അകന്നു നില്‍ക്കുക. അല്ലാഹു സത്യം! താങ്കളുടെ കഴുതയുടെ ദുര്‍ഗന്ധം എന്നെ ഉപദ്രവിക്കുന്നു. ഉടനെ അന്‍സാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു. അല്ലാഹു സത്യം! നബിയുടെ കഴുതക്കാണ് നിന്നെക്കാള്‍ നല്ല വാസനയുള്ളത്. അപ്പോള്‍ അബ്ദുല്ലക്ക് വേണ്ടി അയാളുടെ സമദായത്തിലെ ഒരു മനുഷ്യന്‍ കോപിച്ചു. അന്‍സാരിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സമുദായത്തില്‍ പെട്ടവരും അങ്ങനെ ഈത്തപ്പനയുടെ മടല്‍കൊണ്ടും കൈകള്‍ , ചെരിപ്പ് എന്നിവ കൊണ്ടും തല്ല് നടന്നു. താഴെ പറയുന്ന സൂക്തം ഈ സംഭവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. (സത്യവിശ്വാസികളില്‍ നിന്ന് ഇരുവിഭാഗം തമ്മില്‍ കലഹമുണ്ടായാല്‍ നിങ്ങള്‍ അവരുടെ ഇടയില്‍ യോജിപ്പുണ്ടാക്കുക. ഹുജ്റാത്ത്: 9). (ബുഖാരി. 3. 49. 856)
  2. ഉമ്മുകുല്‍സും(റ) നിവേദനം: നബി(സ) അരുളി: ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കുവാന്‍ വേണ്ടി അവാസ്തവമായ സംഗതികള്‍ പറയുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍റെ വാര്‍ത്ത വര്‍ദ്ധിപ്പിക്കുകയും അല്ലെങ്കില്‍ നല്ലതു പറയുകയും ചെയ്യുന്നു. (ബുഖാരി. 3. 49. 857)
  3. സഹ‌ല്‍‍(റ) നിവേദനം: ഖുബാ വാസികള്‍ ശണ്ഠകൂടി പരസ്പരം കല്ലെറിയാന്‍ തുടങ്ങി. നബി(സ)യോട് ഈ വാര്‍ത്ത പറയപ്പെട്ടു. അപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ എന്നെയുമായി പുറപ്പെടൂ. നമുക്ക് അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കാം. (ബുഖാരി. 3. 49. 858)
  4. ആയിശ(റ) പറയുന്നു:(വല്ല സ്ത്രീയും അവളുടെ ഭര്‍ത്താവില്‍ നിന്ന് പിണക്കത്തെ ഭയപ്പെടുന്നു. അല്ലെങ്കില്‍ പിന്തിരിയലിനെ) (4:128) എന്ന ആയത്ത് ആ പുരുഷനെ സംബന്ധിച്ച് അവതരിക്കപ്പെട്ടതാണ്. അയാള്‍ തന്‍റെ ഭാര്യയില്‍ വാര്‍ദ്ധക്യം പോലെ തന്നെ ആകര്‍ഷിപ്പിക്കാത്തത് കാണുന്നു. അതിനാല്‍ അവളില്‍ നിന്ന് അകലാന്‍ അയാള്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവള്‍ പറയും: നിങ്ങള്‍ എന്നെ വിവാഹമോചനം ചെയ്യരുത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഓഹരി എനിക്ക് നിങ്ങള്‍ നല്‍കുക. ആയിശ(റ) പറയുന്നു: അവര്‍ രണ്ടുപേരും തൃപ്തിപ്പെടുന്ന പക്ഷം അപ്രകാരം ഒരു യോജിപ്പില്‍ എത്തുന്നതിന് വിരോധമില്ല. (ബുഖാരി. 3. 49. 859)
  5. ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈ പ്രശ്നത്തില്‍ വല്ലവനും ഇതില്‍ ഇല്ലാത്തത് പുതിയതായി നിര്‍മ്മിച്ചാല്‍ അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 3. 49. 861)
  6. ബറാഅ്(റ) പറയുന്നു: നബി(സ) ഹുദൈബിയ്യ:യിലെ ആളുകളുമായി യോജിപ്പുണ്ടാക്കിയപ്പോള്‍ അലി(റ) കരാര്‍ വ്യവസ്ഥ എഴുതുവാന്‍ തുടങ്ങി. അല്ലാഹുവിന്‍റെ ദൂതന്‍ മുഹമ്മദ് എന്ന് അദ്ദേഹം എഴുതി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു. നീ അപ്രകാരം എഴുതുവാന്‍ പാടില്ല. നീ പ്രവാചകനാണെങ്കില്‍ ഞങ്ങള്‍ നിന്നോട് യുദ്ധം ചെയ്യുമായിരുന്നില്ല. നബി(സ) അലി(റ) യോട് പറഞ്ഞു: നീ അത് മായ്ച്ചുകളയുക. അലി(റ) പറഞ്ഞു: ഞാനതു മായ്ച്ചുകളയുവാനാളല്ല. അപ്പോള്‍ നബി(സ) തന്നെ തന്‍റെ കൈ കൊണ്ട് അതു മായ്ച്ച് കളഞ്ഞു. ശേഷം താനും തന്‍റെ അനുയായികളും മൂന്നു ദിവസം മക്കയില്‍ താമസിക്കുകയുള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തില്‍ കരാര്‍ എഴുതി. ഉറയിലിട്ട വാളല്ലാതെ മറ്റൊരായുധവും കൊണ്ടു വരികയില്ലാ എന്നും വ്യവസ്ഥ ചെയ്തു. (ബഖാരി. 3. 49. 862)
  7. ബറാഅ്(റ) നിവേദനം: ഹുദൈബിയ്യ ദിവസം നബി(സ) മൂന്നു വ്യവസ്ഥയില്‍ മുശ്രിക്കുകളുമായി യോജിപ്പുണ്ടാക്കി. മുശ്രിക്കുകളില്‍ നിന്ന് വല്ലവനും മുസ്ളിമായി നബിയുടെ അടുത്തു വന്നാല്‍ തിരിച്ചയക്കണം. എന്നാല്‍ മുസ്ളിംകളില്‍ നിന്ന് വല്ലവനും മുശ്രിക്കുകളെ സമീപിച്ചാല്‍ തിരിച്ചയക്കേണ്ടതില്ല. അടുത്തവര്‍ഷം ഉംറക്ക് വരിക. മൂന്നു ദിവസം മാത്രം മക്കയില്‍ താമസിക്കുക. നിരായുധരായി മക്കയില്‍ പ്രവേശിക്കുക. വാളും വില്ലും ഉറയില്‍ നിക്ഷേപിക്കുക. അപ്പോള്‍ അബൂജന്‍ദല്‍ തന്‍റെ ചങ്ങല വലിച്ചിഴച്ചുകൊണ്ട് വന്നു. നബി(സ) കരാര്‍ പ്രകാരം അദ്ദേഹത്തെ തിരിച്ചുകൊടുത്തു. (ബുഖാരി. 3. 49. 863)
  8. അനസ്(റ) നിവേദനം: റുബയ്യഅ് എന്ന മഹതി ഒരു അടിമസ്ത്രീയുടെ പല്ല് പൊട്ടിച്ചു. അപ്പോള്‍ റുബിയ്യഅ്ന്റെ ബന്ധുക്കള്‍ പ്രായശ്ചിത്തം സ്വീകരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. പ്രതികാരനടപടി തന്നെ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ നബി(സ)യുടെ അടുത്തുവന്നപ്പോള്‍ നബി(സ) പ്രതികാര നടപടിക്ക് കല്‍പ്പിച്ചു. അനസ്ബ്നുഉമര്‍ (റ) പറഞ്ഞു. പ്രവാചകരേ! റുബിയ്യഅ് ന്‍റെ പല്ല് പൊട്ടിക്കപ്പെടുകയോ? താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. നബി(സ) അരുളി: അനസ്! അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ പ്രസ്താിച്ചതാണ് പ്രതികാരനടപടി. ഉടനെ അവര്‍ തൃപ്തിപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയതു. അപ്പോള്‍ നബ(സ) പറഞ്ഞു. നിശ്ചയം മനുഷ്യരുടെ ഇടയില്‍ ചിലരുണ്ട്. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തുപറഞ്ഞാല്‍ അവനത് നിര്‍വ്വഹിച്ചുകൊടുക്കും. (ബുഖാരി. 3. 49. 866)
  9. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സര്‍വ്വ വിരലുകള്‍ക്കും ദാനധര്‍മ്മമുണ്ട്. സൂര്യന്‍ ഉദിക്കുന്ന സര്‍വ്വ ദിവസങ്ങളിലും ദാനധര്‍മ്മമുണ്ട്. രണ്ട് വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കല്‍ (നീതിപൂലര്‍ത്തല്‍) ധര്‍മ്മമാണ്. (ബുഖാരി. 3. 49. 870)

No comments:

Post a Comment